07:31pm 25 November 2026
NEWS
ചക്കക്കൊമ്പൻ ദൗത്യം ഉച്ചവരെ നിർത്തിവച്ചു; മയക്കുവെടിക്ക് തടസ്സമായി ജലാശയവും കാട്ടാനക്കൂട്ടവും
25/11/2026  09:26 AM IST
nila
ചക്കക്കൊമ്പൻ ദൗത്യം ഉച്ചവരെ നിർത്തിവച്ചു; മയക്കുവെടിക്ക് തടസ്സമായി ജലാശയവും കാട്ടാനക്കൂട്ടവും

ഇടുക്കി ചിന്നക്കനാലിൽ ജനവാസ മേഖലകളിൽ ഭീതി സൃഷ്ടിക്കുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം താൽക്കാലികമായി നിർത്തിവച്ചു. മയക്കുവെടി പ്രയോഗിക്കാൻ അനുകൂല സാഹചര്യമില്ലെന്ന വനംവകുപ്പിന്റെ വിലയിരുത്തലിനെ തുടർന്നാണ് ദൗത്യം ഉച്ചവരെ മാറ്റിവച്ചത്. ആന നിലയുറപ്പിച്ചിരിക്കുന്ന സ്ഥലം ജലാശയത്തോട് ചേർന്നായതിനാൽ ഇവിടെവച്ച് മയക്കുവെടി പ്രയോഗിക്കുന്നത് അപകടകരമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

മയക്കുവെടിയേറ്റാൽ ആന ഓടിപ്പോകാൻ സാധ്യതയുണ്ട്. ഇതിനിടെ ജലാശയത്തിലേക്ക് വീണാൽ ജീവന് ഭീഷണിയാകുമെന്ന ആശങ്കയും ദൗത്യസംഘത്തിനുണ്ട്. ചക്കക്കൊമ്പനു സമീപം മറ്റ് നാല് കാട്ടാനകളുടെ സാന്നിധ്യം കണ്ടെത്തിയതും നടപടികൾക്ക് തടസ്സമായി. രാവിലെ എട്ടുമുതൽ ഉറങ്ങുന്ന സ്വഭാവമുള്ള ആനയെ ഉച്ചകഴിഞ്ഞ് മാത്രമേ ലക്ഷ്യമിട്ടുള്ള നീക്കത്തിന് വിധേയമാക്കാൻ കഴിയൂവെന്നതും ദൗത്യം വൈകിപ്പിക്കുന്ന ഘടകമാണ്.

ബുധനാഴ്ച രാവിലെ 80 ഏക്കർ കോളനിക്ക് സമീപത്തെ പൊന്നുസ്വാമി എസ്റ്റേറ്റിലാണ് വനംവകുപ്പ് സംഘം ചക്കക്കൊമ്പനെ കണ്ടെത്തിയത്. പിന്നീട് ആന ആനയിറങ്കൽ അണക്കെട്ടിന്റെ ഭാഗത്തേക്ക് നീങ്ങുകയും ജലാശയത്തിലിറങ്ങുകയും ചെയ്തു. ആനയെ ജലാശയത്തിന്റെ മറുകരയിലെത്തിച്ച് മയക്കുവെടി പ്രയോഗിക്കാൻ അനുയോജ്യമായ തുറസ്സായ സ്ഥലത്തേക്ക് എത്തിക്കുകയാണ് ഇനി ലക്ഷ്യമിടുന്നത്. സാഹചര്യം അനുകൂലമായാൽ മയക്കുവെടി പ്രയോഗിക്കും.

100 ഉദ്യോഗസ്ഥർ, അഞ്ച് ഡോക്ടർമാർ

നൂറോളം വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിവിധ സംഘങ്ങളായാണ് ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്. അഞ്ച് വെറ്ററിനറി ഡോക്ടർമാരും 15 അംഗ ട്രെക്കിങ് സംഘവും ഓപ്പറേഷന്റെ ഭാഗമാണ്. വയനാട് മുത്തങ്ങയിൽനിന്ന് എത്തിച്ച രണ്ട് കുങ്കിയാനകളെയും ദൗത്യത്തിനായി വിന്യസിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വൈകിട്ടുവരെ ചിന്നക്കനാൽ പഞ്ചായത്തിലെ 80 ഏക്കർ മേഖലയിൽ ഉണ്ടായിരുന്ന ചക്കക്കൊമ്പൻ പിന്നീട് 301 കോളനിക്ക് സമീപമുണ്ടെന്ന് കണ്ടെത്തിയിരുന്നു. മയക്കുവെടി പ്രയോഗിക്കാൻ വനംവകുപ്പ് നേരത്തെ കണ്ടെത്തിയ തുറസ്സായ സ്ഥലങ്ങളിലേക്ക് ആനയെ എത്തിക്കുകയാണ് ദൗത്യത്തിന്റെ ആദ്യഘട്ടം.

ആറ് വാർഡുകളിൽ നിരോധനാജ്ഞ; സ്കൂളുകൾക്ക് അവധി

ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സ്കൂളുകൾക്കും ബുധനാഴ്ച അവധി നൽകി.

ദൗത്യത്തിന് മുന്നോടിയായി ചൊവ്വാഴ്ച വൈകിട്ട് വനംവകുപ്പ് മോക്ഡ്രിൽ നടത്തിയിരുന്നു. ഡോക്ടർമാരും ട്രെക്കിങ് സംഘവും പങ്കെടുത്ത പരിശീലനത്തിൽ ഡ്രോൺ നിരീക്ഷണത്തിലൂടെ കാട്ടാനയെ കണ്ടെത്തിയെന്ന സൂചനയെ തുടർന്നാണ് ഒരു കുങ്കിയാനയുടെ അകമ്പടിയോടെ സംഘം നീങ്ങിയത്. സിമന്റ് പാലത്തിൽനിന്ന് ബിഎൽ റാം ഭാഗത്തേക്ക് യാത്രചെയ്ത സംഘം പിന്നീട് തിരിച്ചെത്തി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img